മക്കരപറന്പ്: മക്കരപ്പറന്പ് ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തി. കുട്ടികളിൽ കാർഷിക അഭിരുചിയും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യാത്രയിൽ കാർഷികരംഗത്തെ പുതിയ അറിവുകളും അനുഭവങ്ങളും നേരിട്ട് കണ്ടറിയാൻ വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.
ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരായ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും കാർഷിക മേഖലയിലെ അറിവുകൾ പങ്കുവച്ചു. ഇതോടൊപ്പം കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. നടീൽ വസ്തുക്കൾ തയാറാക്കുന്ന രീതികളായ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, ടിഷ്യൂ കൾച്ചർ തുടങ്ങിയവ വിദ്യാർഥികൾ നേരിട്ടു മനസ്സിലാക്കി.
ഇതോടൊപ്പം തുള്ളിനന, തളിക നന തുടങ്ങിയ ആധുനിക ജലസേചന മാർഗങ്ങളും ജലസംരക്ഷണ തത്ത്വങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. ഫാം ഓഫീസർ മുഹമ്മദ് സലീം, സിനീഷ്, ദേവകി, അബ്ബാസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ക്ലാസെടുത്തു. അധ്യാപകരായ പി. പ്രമോദ്, കെ.വി. ലക്ഷ്മിശ്രീ എന്നിവർ പഠന യാത്രയ്ക്ക് നേതൃത്വം നൽകി.